ഇന്ത്യ

തീരദേശങ്ങളെ ഭീതിയിലാഴ്ത്തി ആഞ്ഞടിച്ച് ഫോനി; നിരവധി മരണം, 1000 കോടിരൂപ ദുരിതാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഒഡിഷയിൽ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ ഇതുവരെ മൂന്ന് പേർ
മരിച്ചതായി മാത്രമേ സംസ്ഥാനസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. തീരമേഖലയിൽ കനത്ത നാശനഷ്ടം വരുത്തിവച്ചാണ് ഫോനി കടന്നുപോകുന്നത്. ഒഡീഷയിലെ പുരിയ്ക്ക് ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങി.
നിരവധി മരങ്ങൾ കടപുഴകി. ചെറുകൂരകളും മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപൊത്തി.
പല കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

ഭൂവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. രാവിലെ എട്ട് മണി മുതൽ കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെ 24 മണിക്കൂർ നേരത്തേക്കാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഭുവനേശ്വർ വിമാനത്താവളത്തിലെ എല്ലാ വിമാനസർവീസുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു.
83 പാസഞ്ചർ ട്രെയിനുകളുൾപ്പടെ 140 തീവണ്ടികൾ ഇതുവരെ റദ്ദാക്കി.

കാറ്റിന്‍റെ ശക്തി ഇപ്പോൾ കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് ആറരയോടെ ചുഴലിക്കാറ്റ് ബംഗാളിലേക്ക് എത്തും. ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സർക്കാർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫോനിയുടെ സഞ്ചാരപാതയിലുളള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്‍ഗഢ്, കട്ടക്ക്, ജഗത്‍സിംഗ് പൂർ, കേന്ദ്രപാര, ജാജ്‍പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്.

ഗഞ്ചമിലും പുരിയിലും മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. അയ്യായിരത്തോളം അടുക്കളകളും ഇവർക്കായി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അതോറിറ്റിയും സജീവമായി രംഗത്തുണ്ട്.

രാവിലെ എട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശിയത്. ചിലയിടങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 245 കിലോമീറ്റർ വരെയായി.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യകണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനൽക്കാലത്ത് ചുഴലിക്കാറ്റുകൾ അപൂർവമാണ്. തീരെ അപ്രതീക്ഷിതമായാണ് ബംഗാൾ ഉൾക്കടലിൽ രണ്ടാഴ്ച മുൻപ് ന്യൂനമർദ്ദം രൂപം കൊണ്ടതും, ശ്രീലങ്കൻ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡിഷയിലേക്ക് എത്തിയതും.

‘പാമ്പിന്‍റെ കഴുത്ത് ‘എന്നാണ് ഫോനി എന്ന വാക്കിന്‍റെ അർത്ഥം. ബംഗ്ലാദേശ് സർക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നൽകിയത്.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ബംഗാളിലെ എല്ലാ റാലികളും മുഖ്യമന്ത്രി മമതാ ബാനർജി റദ്ദാക്കി.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links