ചെറുവട്ടൂർ വിദ്യാഭ്യാസം

വജ്രജൂബിലി ആഘോഷ വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തപ്പെടുന്ന ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു

ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര അക്കാദമിക് നിലവാരത്തിലാക്കുന്ന ‘ഹൈടെക് സ്കൂൾ പദ്ധതി’ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.

ഏറ്റവും മികച്ച വിദ്യാഭ്യാസം താഴെത്തട്ടിലേയ്ക്ക് എത്തിക്കുന്നതിനാണ് ആദ്യഘട്ട ഫണ്ടായി 5 കോടി 39 ലക്ഷം രൂപ അനുവദിച്ചത് ഉപയോഗിച്ച് ചെറുവട്ടൂർ സ്കൂളിൽ വിപുലമായ കെട്ടിട സൗകര്യങ്ങളക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതെന്ന് എം.എൽ.എ.പറഞ്ഞു.

ഒന്നാം ഘട്ടത്തിൽ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം.എൽ.എ.വ്യക്തമാക്കി. 10 കോടി രൂപയുടെ ഹൈടെക് സ്കൂൾ പദ്ധതി 3ഘട്ടങ്ങളിലായി യാഥാർത്ഥ്യമാകുന്നതോടെ ചെറുവട്ടൂർ സ്കൂളിലെ വിദ്യാർത്ഥികൾ ലോകോത്തര നിലവാരത്തോടെ കോതമംഗലം നിയോജക മണ്ഢലത്തിന്റെ അഭിമാന മുഖങ്ങളാകുമെന്നും
ഇത് നമ്മുടെ നാടിന് തന്നെ ദീർഘനാൾ മുതൽകൂട്ടാകുമെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർ ബിന്ദു ജയകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏ.ആർ.വിനയൻ, വാർഡ് മെംബർ എം.കെ.സുരേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, പി.റ്റി.എ.പ്രസിഡന്റ് സലാം കാവാട്ട്, വൈസ്.പ്രസിഡന്റ് പി.കെ.സുകുമാരൻ,സ്കൂൾ ഹെഡ്മിസ്ട്രസ് പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു.
ഇ.ആബിദലി, സിന്ധു ടീച്ചർ, പി.എസ്.സുബൈർ, ബിജു അവന്തിക, എം.കെ.ശശി, ഗീത ശ്രീധരൻ, റംല ഇബ്രാഹീം,കെ.എം.ബാവു, കെ.എ. കുഞ്ഞുമുഹമ്മദ്, മനോജ് കാനാട്ട്, യു.എസ്.അനൂപ്, ദിലീപ് മാസ്റ്റർ, പി.ബി.ജലാലുദ്ദീൻ, കെ.എച്ച്.സൈനുദ്ദീൻ, ഡി. ശ്രീധരൻ, ടി.പ്രതാപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രമായി കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത ആദ്യ കലാലയമാണ് ചെറുവട്ടൂർ ജി.എം.എച്ച്.എസ്.സ്കൂൾ.

ഏഴേക്കർ ഇരുപത്തിയഞ്ച് സെന്റ് സ്ഥലവിസ്തൃതിയുള്ള സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തോടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിരവധി സ്മാർട്ട് ക്ലാസ്സ് റൂമുകൾ, സയൻറിഫിക് ലാബുകൾ, ആംഫി തിയ്യേറ്റർ, കായിക മേഖലയിൽ കുതിച്ചു ചാട്ടമുണ്ടാക്കുന്നതിനുള്ള വിശാലമായ കളിക്കളം, പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത ഇക്കോ ഫ്രണ്ട്ലി ലാൻഡ് സ്കേപ്പ് എന്നിവയെല്ലാമാണ് ഹൈടെക്ക് സ്കൂൾ പദ്ധതിയോടനുബന്ധിച്ച് വരാൻ പോകുന്ന അടിസ്ഥാന സൗകര്യങ്ങൾ.

ആദ്യഘട്ട നിർമ്മാണോൽഘാടനം നടന്ന 4232 സ്ക്വയർ ഫീറ്റിലുള്ള ഒന്നാംബ്ലോക്കിലെ ഫ്ലോറിൽ നാല് ഹൈടെക് ക്ലാസ്സ് റുമുകളും മികച്ച ഒരു ലബോട്ടെറിയുമാണ് സജ്ജമാക്കുന്നത്.ഇതിന്റെ മുകൾ നിലയിൽ വരാൻ പോകുന്ന ഫ്ലോറിലും ഇതേ സ്ക്വയർ ഫീറ്റിൽ സമാന സൗകര്യങ്ങളായിരിക്കും ഒരുക്കുക.

രണ്ടാം ബ്ലോക്കിൽ 7530 സ്ക്വയർ ഫീറ്റിൽ 9 ക്ലാസ്സ് റൂമുകളും മൂന്നാം ബ്ലോക്കിൽ 2381 സ്ക്വയർ ഫീറ്റിൽ നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളുമാണുള്ളത്. ആദ്യ ഘട്ടത്തിൽ 18375 സ്ക്വയർ ഫീറ്റ് കെട്ടിട നിർമ്മാണമാണ് നടക്കുന്നത്.  ഇതിന്റെ ജോലികൾ 11 മാസക്കാലയളവിനുള്ളിൽ സമയബന്ധിതമായി പൂർത്തീകരിയ്ക്കണമെന്ന കരാറിലാണ് നിർമ്മാണ നടപടികൾ അതിവേഗം പുരോഗമിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ഹയർ സെക്കന്ററി കെട്ടിടങ്ങളുടെ നിർമ്മാണമാണ് പദ്ധതി രൂപരേഖയിലുള്ളത്.  എല്ലാ ഫ്ലോറുകളും ടോയ്ലറ്റ് അറ്റാച്ച്ഡാണ്. 3ഘട്ടങ്ങളിലായി 10 കോടിയുടെ സ്കൂൾ വികസനം യാഥാർത്ഥ്യമാകുന്നതോടെ LKG മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂൾ അമ്പതിനായിരത്തോളം സ്ക്വയർ ഫീറ്റ് കെട്ടിട സമുച്ചയത്തിൽ സമ്പൂർണ്ണമായി ഹൈടെക് സ്കൂൾ സംവിധാനത്തിലാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ്) അംഗീകാരത്തോടെയാണ് പദ്ധതി നടത്തിപ്പ്.

സംസ്ഥാനത്തെ വിദഗ്ദ സ്ഥാപനങ്ങളായ ഹാബിറ്റാറ്റ്, കിറ്റ്കോ, വാപ്കോസ് എന്നിവയുടെ സാങ്കേതികമായ മേൽനോട്ടത്തിലാണ് ഹൈടെക് സ്കൂളിന്റെ രൂപകൽപ്പന തയ്യാറാക്കിയത് മുതൽ വിവിധ ഘട്ട നിർമ്മാണങ്ങൾ വരെ നടക്കുന്നത്.

1956 ൽ സ്ഥാപിതമായ ചെറുവട്ടൂർ സ്കൂൾ 60 വർഷം പിന്നിട്ട് വജ്രജൂബിലി നിറവിലെത്തി നിൽക്കുമ്പോൾ ചരിത്രത്തിലാദ്യമായി ഇക്കുറി SSLC യ്ക്ക് 100 ശതമാനം വിജയം നേടിയതും ഹൈടെക് സ്കൂൾ പദ്ധതി യാഥാർത്ഥ്യമാകുന്നതും കൂടുതൽ മുന്നേറ്റത്തിലേയ്ക്ക് നയിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ.പ്രത്യാശ പ്രകടിപ്പിച്ചു.

Add Comment

Click here to post a comment

Latest News

Quick Links